കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായ മുനിസിപ്പല്‍ കോര്‍പറേഷന്‍ റാവു ബഹദൂര്‍ ചിരുകണ്ടന്‍ ആയൂര്‍വേദ ഡിസ്പന്‍സറിക്ക് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആയുര്‍വ്വേദ ഡിസ്പന്‍സറിയുടെ 85ാമത് വാര്‍ഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാമെന്നതാണ് ആയുര്‍വേദ ചികിത്സാ രീതിയുടെ പ്രത്യേകത. മികച്ച ആയുര്‍വേദ ചികിത്സ നാട്ടുകാര്‍ക്ക് ലഭ്യമാക്കാന്‍ ഈ ഡിസ്‌പെന്‍സറിക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഒ.പി ഷിജിന, പി. കെ നാസര്‍, സി. രേഖ, കൗണ്‍സിലര്‍മാരായ കെ.സി ശോഭിത, കെ. മൊയ്തീന്‍ കോയ, വി.കെ. മോഹന്‍ദാസ് , മുഹ്‌സീന, പ്രസീന പണ്ടാരത്തില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.നിമിഷ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍ സ്ഥാപനത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ രൂപരേഖ നിവേദനമായി മന്ത്രിക്ക് സമര്‍പ്പിച്ചു.
ആശുപത്രി വികസന സമിതി അംഗങ്ങള്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, പെയിന്‍ ആന്റ് പാലിയേറ്റിവ് ജീവനക്കാര്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , ഹരിത കര്‍മസേനാംഗങ്ങള്‍, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഡോ.എസ്. ജയശ്രീ സ്വാഗതവും ഹെല്‍ത്ത് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഷജില്‍ കുമാര്‍.പി നന്ദിയും പറഞ്ഞു.