മുഖ്യമന്ത്രി ഇടപ്പെട്ടു; ദയാബായിയുമായി ചര്‍ച്ചക്ക് മന്ത്രിമാര്‍

മുഖ്യമന്ത്രി ഇടപ്പെട്ടു; ദയാബായിയുമായി ചര്‍ച്ചക്ക് മന്ത്രിമാര്‍

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തക ദയാബായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം 15 ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രി ആര്‍.ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരസമിതിയുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദയാബായിയുടെ സമരം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി പൂര്‍വ്വാധികം ശക്തിയോടെ സമരവേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
കാസര്‍കോട് ജില്ലയോടുള്ള അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒ.പി മാത്രം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. എന്‍ഡോസള്‍ഫാന് ദുരിത ബാധിതര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഈ മാസം രണ്ടിനാണ് ദയാബായിയുടെ നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടങ്ങിയത്.

രാജ്യത്ത് ജനാധിപത്യം നശിച്ചെന്നും അതുകൊണ്ട് ആണ് താന്‍ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യം ഇല്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ മനപൂര്‍വ്വം നിഷേധിക്കുകയാണെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. പ്രായം 80 പിന്നിട്ടെങ്കിലും പോലിസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *