ന്യൂഡല്‍ഹി: അധ്യക്ഷനായാല്‍ തന്റെ ആദ്യ ദൗത്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയലാണെന്ന് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണെന്ന മനോഭാവത്തോടെയാണ് ഞാനും ഖാര്‍ഗെയും മത്സരിക്കുന്നത്. ഗാന്ധി കുടുംബം എപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. പുതിയ അധ്യക്ഷന് കീഴില്‍ കോണ്‍ഗ്രസ് വീണ്ടും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. തന്നെ പിന്തുണക്കുന്നവര്‍ ഗാന്ധി കുടുംബത്തിന് എതിരല്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞു.
2024 പൊതുതെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുന്നത് പുതിയ അധ്യക്ഷന്റെ ദൗത്യമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ സഖ്യം രൂപപ്പെടുത്തുക എന്നത് പാര്‍ട്ടിക്ക് മുന്‍പിലുള്ള വെല്ലുവിളിയാണെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും തനിക്ക് യുവനേതാക്കളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 19ന് ഫലം അറിയാം.