കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. ” വാഴ്ത്ത് 2022″ പരിപാടിയുടെ ഭാഗമായി ബേപ്പൂര്‍ മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസം വിദ്യാഭ്യാസ രീതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിലും പ്രകടമാണ്. വ്യക്തികളുടെ നല്ല വശങ്ങള്‍ക്ക് കൂടുതല്‍ മികവേകുന്നതാണ് വിദ്യാഭ്യാസം. അക്കാദമിക മികവിനൊപ്പം നല്ല മനുഷ്യനായി വളരാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റസാക്ക് എന്‍.സി അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ, ഫറോക്ക് മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സമീഷ്, ഫറോക്ക് മുന്‍സിപ്പാലിറ്റി ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ടി.എ മജീദ്, ഡി.ഇ.ഒ ധനേഷ് കെ.പി, എ.ഇ.ഒ കുഞ്ഞിമൊയ്തീന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ താരാ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ബേപ്പൂര്‍ മണ്ഡലം ഡെവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് നന്ദിയും പറഞ്ഞു.