കോഴിക്കോട്: പി.എം അബൂബക്കര്‍ മതേതരത്വത്തിനു വേണ്ടി നിലക്കൊള്ളുകയും രാഷ്ട്രീയമെന്നത് രാജ്യസേവനമാണെന്ന് തെളിയിച്ച നേതാവാണെന്നും എം.വി ശ്രേയാംസ്‌കുമാര്‍ എം.പി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പി.എം അബൂബക്കര്‍ അനുസ്മരണ പരിപാടിയില്‍ അുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് എന്താണെന്ന് മലബാറിന് പരിചയപ്പെടുത്തിയ മന്ത്രി കൂടിയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന വലിയ വിപത്തിനെ യോജിച്ച് നിന്ന് നേരിടാന്‍ നമുക്ക് സാധിക്കണം. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ടിക്കുകയും ആദര്‍ശ രാഷ്ട്രീയത്തിനു വേണ്ടി മന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിത്വം കൂടിയാണദ്ദേഹം. രാജ്യത്ത് ഭരണഘടന അട്ടിമറിക്കുകയാണ്. രാജ്യസഭയില്‍ ഒരു ഭേദഗതി പോലും അംഗീകരിക്കാതെ ശബ്ദ വോട്ടിട്ട് പ്രതിപക്ഷ ശബ്ദം നിശബ്ദമാക്കുകയാണ്.
2019-2021 കാലത്ത് 11 ശതമാനം ബില്ലുകള്‍ മാത്രമാണ് സ്‌ക്രൂട്ടിനൈസ് ചെയ്തത്. ബില്ലുകള്‍ ചര്‍ച്ചകളില്ലാതെ പാസാക്കുകയാണ്. വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുന്ന അപകടകരമായ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് ഭരണകര്‍ത്താക്കള്‍ പിന്തുടരുന്നത്. ഒരുവിഭാഗത്തെ ചൂണ്ടിക്കാണിച്ച് ശത്രുക്കളാക്കുന്ന തന്ത്രം, ഇതാണ് ഹിറ്റ്‌ലറും ചെയ്തത്. രാജ്യസുരക്ഷ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ഉത്തരവാദിത്വമല്ല. ഭരിക്കുന്നവര്‍ക്കെതിരേ സംസാരിച്ചാല്‍ ദേശവിരുദ്ധരാവുന്ന കാലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എന്‍.കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കാസിം ഇരിക്കൂര്‍, ടി.പി ചെറൂപ്പ, പി.എ.പി മുസ്തഫ, അബ്ദുള്‍ സലാം നരിക്കുനി, സിറാജ് മൂടാടി, സി. അബ്ദുള്‍ റഹീം, കബീര്‍ സലാല, അഡ്വ. റൈഹാനത്ത് സംസാരിച്ചു. ഒ.പി അബ്ദുള്ള സ്വാഗതവും ടി.കെ നാസര്‍ നന്ദിയും പറഞ്ഞു.