ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയിരുന്ന ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ. ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജി.എന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയാണ് മരവിപ്പിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ച്ചു.
2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍സ് കോടതി മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിന് സായിബാബയെ ശിക്ഷിച്ചത്. യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകരസംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കോടതി ശിക്ഷ നല്‍കയിത്. സായിബാബയ്ക്ക് പുറമേ ജെ.എന്‍.യു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് റായ് തുടങ്ങിയവരുള്‍പ്പെടെ അഞ്ച് പേര്‍ക്കായിരുന്നു ശിക്ഷ. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാല്‍, ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്രീം കോടതി വിധി മരവിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് എം.ആര്‍ ഷാ അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. കേസ് ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.