തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തി. പുലര്‍ച്ചെ 3.40ന് എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി. കുടുംബ സമേതമുള്ള യാത്ര വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സര്‍ക്കാര്‍ അല്ലെന്നായിരുന്നു വിശദീകരണം. യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചതും വിവാദത്തിനു വഴിയൊരുക്കിയിരുന്നു. വിദേശ പര്യടനം വിവാദത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും.
ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി.പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി.