കോഴിക്കോട്: കണ്ണീരിന്റെ മൂല്യവും അര്‍ഥ ഗരിമയും മലയാളികളെ ബോധ്യപ്പെടുത്തിയ കവികളുടെ നിരയില്‍ അക്കിത്തം സവിശേഷ ശോഭയോടെ നിലനില്‍ക്കുന്നുവെന്ന് വി.ആര്‍ സുധീഷ്. തപസ്യ സംഘടിപ്പിച്ച അക്കിത്തം സ്മൃതി സദസ്സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരിനെ വിയര്‍പ്പായും ജീവ ജലമായും കാരുണ്യമായും ധര്‍മബിന്ദുവായും മാറ്റിത്തീര്‍ത്ത കവിയാണ് അക്കിത്തം. ഹൃദയത്തില്‍ നിതാന്തമായി കണ്ണീരിനെ പ്രതിഷ്ഠിച്ച അക്കിത്തത്തിന്റെ കവിതകള്‍ ലോകാവസാനം വരെ നിലനില്‍ക്കുമെന്നും വി.ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു. നാനാഭാവങ്ങളും വിചാരങ്ങളും ഭാവനകളും മേളിക്കുന്ന ത്രിവേണിയാണ് അക്കിത്തം കവിതകളെന്ന് സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് ഡോ. ആര്‍സു അഭിപ്രായപ്പെട്ടു. ഋഷിത്വവും കവിത്വവും മേളിക്കുന്നതിനാല്‍ ദേശകാല ഭാഷകളെ അതിലംഘിക്കാനുള്ള ശേഷിയുള്ളതാണ് അക്കിത്തം കവിതകളെന്നും ഡോ.ആര്‍സു നിരീക്ഷിച്ചു. വത്സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ച സ്മൃതി സദസ്സില്‍ വേദ ബുക്‌സ് പ്രസിദ്ധീകരിച്ച എം.ശ്രീഹര്‍ഷന്‍ രചിച്ച അക്കിത്തം ‘കാവ്യകര്‍മവും ധര്‍മമാര്‍ഗവും’ എന്ന കൃതി കെ.എം നരേന്ദ്രന്‍, മദനന് നല്‍കി പ്രകാശിപ്പിച്ചു. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ , എം.ശ്രീ ഹര്‍ഷന്‍ , മദനന്‍, കെ.എം. നരേന്ദ്രന്‍ ,അനൂപ് കുന്നത്ത് , രജനി സുരേഷ്, കെ.പി അഖിലേഷ് എന്നിവര്‍ അക്കിത്തം സ്മൃതി സദസ്സില്‍ സംസാരിച്ചു. ഇന്ദുജ , ഗോപിക, സുവര്‍ണ മുല്ലപ്പള്ളി, കൈലാസ് നാഥ് എന്നിവര്‍ അക്കിത്തം കവിതകള്‍ അവതരിപ്പിച്ചു.