കോഴിക്കോട്: പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി വിഭാഗം, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, മത്സ്യതൊഴിലാളി ഭവന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവര്‍ അപേക്ഷയില്‍ പ്രസ്തുത വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം.
ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25000 രൂപയിലധികം പ്രതിമാസ വരുമാനം, നാലുചക്ര വാഹനം (ടാക്‌സി ഒഴികെ) എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹതയില്ല. സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.