മാഹി: പള്ളി പെരുന്നാളിനോടനുബന്ധിച്ച് പുലര്‍ച്ചെ ശയനപ്രദക്ഷിണം നടക്കുമ്പോള്‍ ദേശീയ പാതയിലൂടെ ടാങ്കര്‍ ലോറികളടക്കമുള്ള വാഹനങ്ങള്‍ കടത്തിവിട്ടതില്‍ വന്‍ പ്രതിഷേധം. പ്രധാന ആലോഷ ദിനങ്ങളില്‍ പള്ളിക്ക് മുന്നിലൂടെയുള്ള ഗതാഗതം അനുവദിക്കില്ലെന്നും മറ്റ് വഴികളിലൂടെ തിരിച്ചു വിടുമെന്നും നേരത്തെ പോലിസിന്റെ അറിയിപ്പുണ്ടായിരുന്നു. ഇത് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതുമാണ്.
ആഘോഷ ദിവസങ്ങളില്‍ മാത്രമല്ല, അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന മറ്റ് ദിവസങ്ങളിലും സാഹചര്യം നോക്കി വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ച് വിടാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മുന്‍ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി തുടക്കം മുതല്‍ പ്രത്യേകിച്ച് ചില ദിവസം വൈകുന്നേരങ്ങളില്‍ , ടാങ്കര്‍ ലോറികള്‍ പോലും നിന്ന് തിരിയാന്‍ കഴിയാതിരുന്ന ഘട്ടത്തിലും വഴിതിരിച്ചു വിടാതിരുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി.എച്ച് സെന്ററിന്റെ വളണ്ടിയര്‍മാരാണ് പലയിടങ്ങളിലും ഗതാഗതം നിയന്ത്രിച്ചത്.
മുന്‍ കാലങ്ങളിലെല്ലാം പെരുന്നാള്‍ വേളകളില്‍ പുതുച്ചേരിയില്‍ നിന്നും രണ്ട് പ്ലാറ്റൂണ്‍ പ്രത്യേക പോലിസ് സംഘത്തെ മാഹിയിലേക്ക് അയക്കാറുണ്ട്. ഇത്തവണ ആരേയും അയച്ചില്ല. പ്രത്യേകിച്ച് കൊവിഡാനന്തരം നടക്കുന്ന ഈ വര്‍ഷത്തെ പെരുന്നാളിന് അനിയന്ത്രിതമായ ജനക്കൂട്ടമുണ്ടാകുമെന്ന് നേരത്തെ തന്നെ മാഹി പോലിസ് അധികൃതര്‍ പുതുച്ചേരിയിലെ മേധാവികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാഹിയിലാവട്ടെ സേനാബലം തീരെ കുറഞ്ഞിരിക്കുകയാണ്. 60 കോണ്‍സ്റ്റബിള്‍ തസ്തികയും, 53 ഹോംഗാര്‍ഡ് തസ്തികകളും മാഹിയില്‍ മാത്രം ഒഴിഞ്ഞ് കിടപ്പുണ്ട്. രഥഘോഷയാത്ര നഗരത്തെ വലം വയ്ക്കുമ്പോള്‍, അതിനെ അനുഗമിക്കാനല്ലാതെ, ട്രാഫിക്ക് നിയന്ത്രണത്തിന് പോലും സേനാംഗങ്ങളില്ലാത്ത അവസ്ഥയായിരുന്നു. രഥോത്സവ വേളയിലും കൂറ്റന്‍ ഭാരവാഹനങ്ങളെ കേരള പോലിസ് കടത്തിവിടുകയായിരുന്നു. മുന്‍കാലങ്ങളില്‍ കണ്ണൂര്‍ – കോഴിക്കോട് ജില്ലകളിലെ പോലിസ് സംവിധാനം അഴിയൂരില്‍ നിന്നും, മോന്താല്‍വഴി തലശ്ശേരി ഭാഗത്തേക്കും തിരിച്ചും ഭാരവാഹനങ്ങളെ വഴി തിരിച്ച് വിടാറുണ്ട്. വലിയ കയറ്റവും ഇറക്കവും വളവ് തിരിവുകളുമുള്ള ദേശീയ പാതയില്‍ അപകടങ്ങളൊഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണ്.