കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കപ്പെടുന്നതോടെ പ്രൈമറി തലത്തില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ദൃശ്യമാവുമെന്ന് തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തിരുവണ്ണൂര്‍ ജി.യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റേയും ഹൈടെക് ലൈബ്രറിയുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര വികസനത്തിന്റെ മാനദണ്ഡങ്ങളെടുത്താല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെക് ലൈബ്രറിയുടെ നിര്‍മാണം നടത്തിയത്. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉമൈബ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മല.കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം. ജയകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് കെ.പി പ്രദീപ്, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനധ്യാപിക ലാലി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മണിപ്രസാദ് എന്‍.എം നന്ദിയും പറഞ്ഞു.