ചരിത്രവും ഐതീഹ്യവും ഇഴചേര്‍ന്നിരിക്കുന്ന മാഹിപള്ളിയും മാതാവും

ചരിത്രവും ഐതീഹ്യവും ഇഴചേര്‍ന്നിരിക്കുന്ന മാഹിപള്ളിയും മാതാവും

ചാലക്കര പുരുഷു

മാഹി: അങ്ങകലെ കടലുകള്‍ക്കുമപ്പുറം, സ്‌പെയിനിലെ ആവിലാ ഗ്രാമത്തില്‍ ജനിച്ച് അവിടെ തന്നെ ഇഹലോകവാസം വെടിഞ്ഞ സെന്റ് തെരേസാ പുണ്യവതി, ഇങ്ങ് ഏഷ്യാ ഭൂഖണ്ഡത്തിലെ ഭാരതത്തില്‍ ഭൂപടത്തില്‍ ഒരു സൂചിക്കുത്തിന്റെ വലിപ്പംപോലുമില്ലാത്ത രണ്ടര നൂറ്റാണ്ടുകാലം ഫ്രഞ്ച് അധീന പ്രദേശവും പിന്നീട് കേന്ദ്ര ഭരണ പ്രദേശവുമായി മാറിയ മയ്യഴിക്കാരുടെ അമ്മയായി മാറിയതെങ്ങനെയെന്നത് ഇന്നും വിസ്മയമാണ്. ഇത് ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ച കാലത്തും മനുഷ്യര്‍ ജാതി മതങ്ങള്‍ക്കുമപ്പുറം ഏകോദര സഹോദരങ്ങളെപ്പോലെ ആവിലാ മാതാവിന്റെ തിരുസന്നിധിയിലെത്തിയിരുന്നത് മലയാളക്കരയെയാകെ അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു. ‘മനുഷ്യരെല്ലാമൊന്നാ’ണെന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുവിനെ ഏറെ ആകര്‍ഷിക്കുകയും അഞ്ച് തവണ ഫ്രഞ്ച് ഭരണകാലത്ത് ഗുരു സന്ദര്‍ശിക്കുകയും ചെയ്ത ഭൂമികയാണിത്.

ആലക്തികദീപങ്ങള്‍ സ്വര്‍ണ്ണമഴ പെയ്യിക്കുന്ന മയ്യഴി മാതാവിന്റെ ദേവാലയ ഗോപുരത്തിലെ നക്ഷത്ര ചുംബിതമായ കുരിശ് മഴമേഘങ്ങള്‍ വഴി മാറിയതോടെ ദിവ്യപ്രഭയില്‍ ജ്വലിച്ച് നില്‍ക്കുകയാണ്. മയ്യഴിക്കെന്നും ഗൃഹാതുരത പകരുന്ന മുഹൂര്‍ത്തമാണ് മയ്യഴി തിരുനാള്‍, ‘ഓരോ മയ്യഴിക്കാരനും മനസ്സില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഓര്‍മപ്പെരുന്നാള്‍’. വിശാലമായ ദേവാലയത്തിനകത്തും പുറത്തും തെളിമയുള്ള മനസുമായി ആയിരങ്ങള്‍ വിശുദ്ധ മാതാവിന്റെ തൃപ്പാദങ്ങളില്‍ വീണ്, മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണ്.
ഇവിടെ മനുഷ്യരും ദൈവവും തമ്മില്‍ അതിര്‍വരമ്പുകളില്ല, മനുഷ്യരായി പിറവിയെടുത്ത ആരുടെ മുന്നിലും ഈ ദേവാലയത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് വച്ചിരിക്കുന്നു.

മത പ്രചാരണത്തിനായി മയ്യഴിയിലെത്തിയ ഡൊമിനിക് സെന്റ് ജോണ്‍ ഓഫ് ദ് ക്രോസ് എന്ന കമ്മലീത്ത വൈദികനാണ് 1736-ല്‍ വടകര വാഴുന്നവരുടെ അനുമതിയോടെ മയ്യഴിയില്‍ പള്ളി പണിതത്. ആ വര്‍ഷാന്ത്യത്തില്‍ തന്നെ സെന്റ് തെരേസയുടെ പ്രതിഷ്ഠയും നടന്നു. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുണ്ടായ യുദ്ധങ്ങളില്‍ 1760ലും 79 ലും മയ്യഴിയിലെ മറ്റ് കെട്ടിടങ്ങള്‍ക്കൊപ്പം മയ്യഴി പള്ളിയും അഗ്‌നിക്കിരയായി.1788 ല്‍ അബേദ്യുഷേനില്‍ എന്ന മഹാനാണ് ഇന്ന് കാണുന്ന രൂപത്തില്‍ പ്രാര്‍ത്ഥനാലയം പുനര്‍നിര്‍മിച്ചത്. ദേവാലയത്തിന്റെ അകത്തളങ്ങളില്‍ ഇരു വശങ്ങളിലുമായി യേശുവിന്റെ ജീവിതത്തിലെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ഫ്രഞ്ച് ശില്‍പ്പ ചാതുരി തുടിച്ച് നില്‍ക്കുന്നത് കാണാം.

ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങിയാണ് ഈ ശില്‍പ്പം മയ്യഴിക്ക് കൈവന്നതെന്ന് ഐതീഹ്യം സൂചിപ്പിക്കുന്നു. എന്നാല്‍ ഭക്തി പരിവേഷമുള്ള മറ്റൊരു കഥ ഫ്രഞ്ച് നാവികരുമായി ബന്ധപ്പെട്ടതാണ്. കടലിലൂടെ പോവുകയായിരുന്ന ഒരു കപ്പല്‍ അപ്രതീക്ഷിതമായി മയ്യഴിക്കഭിമുഖമായി കടലില്‍ നിശ്ചലമായത്രെ. കപ്പലിനെ ഒന്നിളക്കാന്‍ പോലുമാവാതെ പരവശനായി തീര്‍ന്ന കപ്പിത്താന് പക്ഷെ കപ്പലിലുണ്ടായിരുന്ന സെന്റ് തെരേസയുടെ ചലിക്കുന്ന ശില്‍പ്പമാണ് കാണാന്‍ കഴിഞ്ഞതത്.’ ഇത് മയ്യഴിയോട് മാതാവിനുള്ള ആഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് കപ്പിത്താന്‍ മനസ്സില്‍ കരുതിയതും കപ്പല്‍ചലിക്കാന്‍ തുടങ്ങിയതും ഒന്നിച്ചായിരുന്നു. മനസ്സിന്റെ ഉള്‍വിളി ഏറ്റുവാങ്ങിയ നാവികര്‍ മാതാവിനെ യഥാസ്ഥാനത്ത് തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു.അതാകട്ടെ ആവിലായിലെ സൂര്യോദയവുമായി.

 

ഇത് അതിഥി സല്‍ക്കാരമാസം

ഒക്ടോബര്‍ മാസം മയ്യഴിക്കാര്‍ക്ക് അതിഥി സല്‍ക്കാരനാളുകള്‍ കൂടിയാണ്. മയ്യഴിക്ക് പുറത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പെരുന്നാള്‍ വേളയില്‍ അതിഥികളായെത്തും. പെരുന്നാളിന് മുമ്പുതന്നെ
വീടുകളെല്ലാം വെള്ളപൂശി, പരിസരങ്ങള്‍ ശുചിയാക്കിവെക്കും. മയ്യഴിയമ്മയുടെ രഥത്തെ എഴുന്നള്ളിച്ചുള്ള ഘോഷയാത്ര കടന്നു പോകുന്ന വീഥികളിലെല്ലാം മെഴുക് തിരികള്‍ കത്തിച്ച് വച്ച് ജാതി-മതഭേദമെന്യേ നഗരവാസികള്‍ വരവേല്‍ക്കും.

ലദ്ദീന തുമ്പികള്‍ ഇത്തവണയും വന്നെത്തി

പെരുന്നാള്‍ മാസത്തില്‍ മയ്യഴിയില്‍ കണ്ടുവരുന്ന ലദ്ദീന തുമ്പികള്‍ ഇത്തവണയും വന്നെത്തി. കറുത്ത തലയും, ചുവന്ന ഉടലും, കണ്ണാടി ചിറകുകളുമുള്ള ലദ്ദീന തുമ്പികളെ എങ്ങും കാണാനുണ്ട്. അങ്ങകലെ അറബിക്കടലിലെ പരേതാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന വെള്ളിയാങ്കല്ലില്‍ നിന്നും പെരുന്നാള്‍ കൂടാന്‍ ആത്മാവുകള്‍ തുമ്പികളായി വന്നെത്തുന്നുവെന്നാണ് ഐതീഹ്യം

 

Share

Leave a Reply

Your email address will not be published. Required fields are marked *