കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം കലാഗ്രാമത്തില്‍

കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം കലാഗ്രാമത്തില്‍

തലശ്ശേരി: വിഖ്യാത സംഗീതജ്ഞന്‍ കെ.രാഘവന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പിന്നണി ഗായകന്‍ പി.ജയചന്ദ്രന് നല്‍കുമെന്ന് കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാസ്റ്ററുടെ ചരമദിനമായ 19ന് രാവിലെ 10 മണിക്ക് സെന്റിനറി പാര്‍ക്കിലെ രാഘവന്‍ മാസ്റ്റരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. രാഘവന്‍ മാഷിന്റെ ബന്ധുക്കളടക്കമുള്ള കലാകാരന്മാരും കലാ സ്‌നേഹികളും ചടങ്ങില്‍ സംബന്ധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാഹി മലയാള കലാഗ്രാമത്തില്‍ നടക്കുന്ന സംഗീതാര്‍ച്ചനയില്‍ രാഘവന്‍ മാസ്റ്റരുടെ ശിഷ്യരും മറ്റ് ഗായകരും പങ്കെടുക്കും. നാല് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ ആകാശവാണി സ്റ്റേഷന്‍ ഡയരക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകനും ഫൗണ്ടേഷന്‍ പ്രസിഡന്‍ന്റുമായ വി.ടി മുരളി അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലി, ഡോ. എ.പി.ശ്രീധരന്‍, കേരള സാഹിത്യ അക്കാദമി എക്‌സി. അംഗം എം.കെ മനോഹരന്‍, ഡോ. മഹേഷ് മംഗലാട്ട്, മുകുന്ദന്‍ മഠത്തില്‍, ചാലക്കര പുരുഷു, ഗായിക പൊന്നമ്മ സംസാരിക്കും. അനില്‍ മാരാത്ത് സ്വാഗതവും, വേലായുധന്‍ എടച്ചേരിയന്‍ നന്ദിയും പറയും. വൈകീട്ട് 5.30ന് പ്രശസ്ത സംഗീതജ്ഞന്‍ ആനയടി പ്രസാദിന്റെ സംഗിത കച്ചേരി നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പിന്നണി ഗായകന്‍ വി.ടി മുരളി , വേലായുധന്‍ എടച്ചേരിയന്‍, ഡോ.മഹേഷ് മംഗലാട്ട് സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *