ഒക്ടോബര്‍ 15- ലോക കൈ കഴുകല്‍ ദിനം:  കൈ കഴുകാം നല്ല ആരോഗ്യശീലം കൈമാറാം

ഒക്ടോബര്‍ 15- ലോക കൈ കഴുകല്‍ ദിനം: കൈ കഴുകാം നല്ല ആരോഗ്യശീലം കൈമാറാം

ടി ഷാഹുൽഹമീദ്

(സെക്രട്ടറി, നാദാപുരം ഗ്രാമ പഞ്ചായത്ത്)

ഒക്ടോബര്‍ 15 കൈകഴുകല്‍ ദിനമായി ലോകം ആചരിക്കുകയാണ്. കൊവിഡ്-19ല്‍ നിന്ന് ലോകം പതുക്കെ പുതിയ ജീവിത ക്രമത്തിലേക്ക് കടന്നുവരുമ്പോഴാണ് ഇപ്രാവശ്യത്തെ കൈ കഴുകല്‍ ദിനം കടന്നു വരുന്നത്. മറ്റെല്ലാ ദിനവും പോലെ അവഗണിച്ചു പോകേണ്ട ഒരു ദിനമല്ല ലോക കൈ കഴുകല്‍ ദിനം. കൊവിഡ് -19 ഉണ്ടാക്കിയ ഭീതിതമായ അന്തരീക്ഷത്തില്‍ വ്യക്തിശുചിത്വം പൂര്‍ണമായും പാലിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിത്യ ജീവിതത്തില്‍ നിസാരവല്‍ക്കരിക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്
ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന രീതിയിലുള്ള കൈകഴുകല്‍.

2008 മുതലാണ് ലോക കൈ കഴുകല്‍ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ 20 ദശലക്ഷം കുട്ടികള്‍ ആഘോഷത്തില്‍ പങ്കെടുത്ത് കൈകഴുകുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നു. ലോകത്തെ 70 രാജ്യങ്ങളില്‍ വളരെ സമുചിതമായി കൈകഴുകല്‍ ദിനം ആചരിക്കുന്നു. ഈവര്‍ഷത്തെ മുദ്രാവാക്യം ‘സാര്‍വത്രികമായി കൈ ശുചിത്വത്തിന് വേണ്ടി ഒന്നിക്കുക’ എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികള്‍ വയറിളക്കം അസുഖം കാരണം മരിച്ചു പോകുന്നു. കൃത്യമായി 30 സെക്കന്‍ഡ് സോപ്പിട്ടു കഴുകിയാല്‍ 25% മുതല്‍ 50% വരെ അസുഖങ്ങള്‍ വരുന്നതില്‍ നിന്ന് നമുക്ക് രക്ഷ കിട്ടും.

കൊവിഡ് കാലത്ത് ചില ശീലങ്ങള്‍ പാലിച്ചെങ്കിലും പതിയെ അതൊക്കെ വിസ്മരിച്ചു പോകുന്ന ഘട്ടത്തില്‍ കൈകഴുകല്‍ ജീവിതത്തിലെ അഭിവാജ്യ ദിനചര്യയാക്കി മാറ്റേണ്ടതായിട്ടുണ്ട് കൂടാതെ കുട്ടികളിലേക്ക് ഈ ശീലം കൃത്യമായി കൈമാറുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാവുകയും വേണം. ജീവിതത്തില്‍ സെക്കന്റുകള്‍ മാത്രം ആവശ്യമായ കൈകഴുകല്‍ നമ്മുടെ വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്തിയേക്കാം. നിസാരവല്‍ക്കരിക്കുന്നതിനുമുമ്പ് ചുറ്റുവട്ടത്തുള്ള രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന പ്രവേശന മാര്‍ഗങ്ങളിലൊന്നാണ് കൈകള്‍ എന്ന് നാം തിരിച്ചറിയുക. ഒരു മനുഷ്യന്റെ വ്യക്തി സ്വഭാവത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കൈകള്‍. വിവിധങ്ങളായ ഉദ്ദേശങ്ങള്‍ക്ക് ഇടതടവില്ലാതെ കൈകള്‍ ചലിപ്പിക്കേണ്ടി വരുമ്പോള്‍ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ നിഷ്പ്രഭമാക്കാന്‍ കരണീയമായ ഒരു ശീലമാണ് ശാസ്ത്രീയമായ കൈകഴുകല്‍. കുട്ടികളില്‍ ഇത് കൃത്യമായി ശീലിപ്പിച്ചാല്‍ ഭാവിഭാഗധേയങ്ങളായ കുട്ടികളെ അസുഖത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കുവാനും ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്ര ഒഴിവാക്കുവാനും സാധിക്കുന്നതാണ്.

വ്യക്തിപരമായി എത്ര ശ്രദ്ധിച്ചാലും വിവിധ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള ചുറ്റുവട്ടത്താണ് ജീവിക്കുന്നത് എന്ന ബോധ്യം ,കൈകഴുകി ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുവാന്‍ നമ്മെ പ്രചോദിതരാകുന്നു. ഇന്നത്തെ ദിവസം സ്വയം കൈ കഴുകിയും വീട്ടിലുള്ളവരെ ശീലിപ്പിച്ചും മറ്റുള്ളവര്‍ക്ക് ഈ അറിവ് പകര്‍ന്നു നല്‍കിയും ആഘോഷികാം , സ്ഥിരമായി കൈ കഴുകുന്നവര്‍ ഓരോ പ്രവര്‍ത്തി ചെയ്തു കഴിഞ്ഞാലും 30 സെക്കന്‍ഡ് സോപ്പുവെള്ളം ഉപയോഗിച്ചോ, മറ്റ് വിപണിയില്‍ ലഭ്യമായ അംഗീകൃത വസ്തുക്കളുപയോഗിച്ചോ കൈകഴുകുന്ന മികച്ച ആരോഗ്യ ശീലത്തിലേക്ക് മാറുമെന്ന് പ്രതിജ്ഞ എടുത്ത്
2022ലെ കൈകഴുകല്‍ ദിനം അര്‍ഥപൂര്‍ണമാക്കാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *