തിരുവനന്തപുരം: എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20ന്. പീഡന പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. വാദത്തിനിടെ എം.എല്‍.എക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. വാദത്തിന് ബലം നല്കാന് പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ വാദിച്ചിരുന്നു. പരാതിക്കാരിയെ എം.എല്‍.എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പോലിസ് കേസെടുത്തതിന് പിന്നാലെ എം.എല്‍.എ ഒളിവില്‍ പോയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.