തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പീഡനക്കേസില്‍ പ്രതിയായ എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം എല്‍ദോസ് ഒളിവില്‍ തുടരുകയാണ്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എം.എല്‍.എ എവിടെയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് ആയിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലെത്തുന്നത്. ബലാല്‍സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്നും വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും എന്നാല്‍ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്റെ വാദം.