ന്യൂഡല്‍ഹി: ഒരു ജഡ്ജിന്റെ ജോലി എന്നത് നിയമമനുസരിച്ച് കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ്. മറിച്ച് ആളുകളെ പ്രീതിപ്പെടുത്തുക എന്നതല്ല എന്നും സ്ഥാനമൊഴിയുന്ന സുപ്രീം കോടതി ജഡ്ജി ഹേമന്ത് ഗുപ്ത. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രായയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ക്ക് ഈ സ്ഥാനത്ത് തുടരാന്‍ കഴിയില്ല. ആത്മാര്‍ത്ഥമായി ഞാന്‍ കടമകള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാം തികഞ്ഞവരായി ആരുമില്ല. പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വമല്ല എന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.
സുപ്രീം കോടതിയില്‍ അടുത്ത് പരിഗണിച്ച കര്‍ണാടകയിലെ ഹിജാബ് വിലക്ക് കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ബെഞ്ചിലെ രണ്ടു ജഡ്ജിമാരും ഭിന്നവിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് സുധാന്‍ശു ധുലിയ റദ്ദാക്കിയപ്പോള്‍, ഹേമന്ത് ഗുപ്ത വിലക്കിനെതിരേ സമര്‍പ്പിച്ച മുഴുവന്‍ അപ്പീലുകളും തള്ളി ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. നാളെയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നത്. 2018 നവംബര്‍ രണ്ടിനാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ന്യായാധിപനായി ചുമതലയേറ്റത്.