കോഴിക്കോട്: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി നിര്‍വഹിച്ചു. 22 വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ‘മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ സന്ദേശം.
തിരഞ്ഞെടുക്കപ്പെട്ട 60 ഓളം സ്‌കൂളുകളില്‍ ജില്ലാ ഫയര്‍ ഓഫീസറുടെയും ദുരന്ത നിവാരണ വകുപ്പിന്റെയും വിദ്യാഭ്യാസ ഉപഡയരക്ടറുടെയും സഹകരണത്തോടെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസുകളും മോക്ക് ഡ്രില്ലുകളും നടത്തും. ഫിഷറീസ് വിദ്യാലയങ്ങള്‍, തീരദേശങ്ങളിലെ മറ്റ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ നിതിന്‍.കെ, ബാബു.ടി, ലോഹിതാക്ഷന്‍, ദുരന്തനിവാരണ വകുപ്പില്‍ നിന്നും ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി.പി തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി, പി.ടി.എ പ്രസിഡന്റ് എം.കെ ജിതേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജസീന്ത ജോര്‍ജ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ മൊഹമ്മദ് കോയ നന്ദിയും പറഞ്ഞു.