കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ല്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി ഗ്രാന്റ് സ്മാഷ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. 16ന് ഞായറാഴ്ച മലാപറമ്പ് വേദവ്യാസ സ്‌കൂളിന് സമീപം കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും. 11 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
12 വയസ്സ് മുതല്‍ 55 വരെയുള്ള അഞ്ച് വിഭാഗങ്ങളും 55ന് മേല്‍ പ്രായമുള്ളവര്‍ക്കായി പ്രത്യേക മത്സരവും നടത്തും. വനിതകള്‍ക്ക് പ്രത്യേകവും കൂടാതെ മിക്‌സഡ് ഡബിള്‍സും നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിന്നായി 80 ടീമുകളാണ് പങ്കെടുക്കുന്നത്. ഈ മത്സരങ്ങള്‍ക്ക് പുറമെ ഒരു പ്രദര്‍ശന മത്സരം പ്രത്യേകം നടത്തും. ഇതില്‍ നോര്‍ത്ത് ഐ.ജി വിക്രം, ജില്ലാ ജഡ്ജി ജസ്റ്റിസ് ടി.പി അനില്‍ എന്നിവര്‍ കളിക്കളത്തില്‍ ഏറ്റുമുട്ടും. റോട്ടറി ഡ്‌സ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍, ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവശങ്കര്‍ , കാലിക്കറ്റ് സൗത്ത് റോട്ടറി പ്രസിഡന്റ് ഡോ. സനന്ദ് രത്‌നം എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന യോത്തില്‍ വിജയികള്‍ക്ക് ട്രോഫി, മെഡല്‍, ക്യാഷ് അവാര്‍ഡ് എന്നിവ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ജഡ്ജി ജസ്റ്റിസ് ടി.മധുസൂദനന്‍ നല്‍കും.
കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി മാറ്റി വെച്ച മത്സരമാണ് കൂടുതല്‍ മികവോടെ കൂടുതല്‍ ടീമുകളുടെ അകമ്പടിയോടെ ഈ വര്‍ഷം നടത്തുന്നത്. റോട്ടറി നടത്തുന്ന ഒട്ടനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനും പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാക്കുന്നതിനും ഈ മത്സരം ഉപകരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്‌നം , സെക്രട്ടറി ടി.ജെ പ്രത്യുഷ് , പ്രോഗ്രാം ചെയര്‍മാന്‍ പ്രതീഷ് മേനോന്‍, പി.സി.കെ രാജന്‍, പ്രമോദ് പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.