തിരുവനന്തപുരം: സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണര്‍ രംഗത്ത്. കേരള സര്‍വകലാശാല നിര്‍ണായക സെനറ്റ് യോഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്. ഇതിന്റെ വിശദ വിവരങ്ങളാണ് ഗവര്‍ണര്‍ തേടിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത കേരള സര്‍വകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞിരുന്നു. വി.സി നിര്‍ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് നിശ്ചയിക്കണം എന്ന ഗവര്‍ണറുടെ മുന്നറിയിപ്പിന് പിന്നാലെ വിളിച്ചു കൂട്ടിയ സെനറ്റ് യോഗമാണ് ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞത്. വി.സിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്.
വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗവര്‍ണറുടെ നോമിനികളെ പിന്‍വലിക്കാന്‍ വരെ സാധ്യതയുണ്ട്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ഒന്‍പത് പേരില്‍ ഏഴ് പേരും ഇടത് അംഗങ്ങള്‍ക്കൊപ്പം വിട്ടുനിന്നിരുന്നു. യു.ഡി.എഫ് സെനറ്റ് അംഗങ്ങള്‍ യോഗത്തിനെത്തിയെങ്കിലും യോഗത്തില്‍ നിന്ന് ഇടതുമുന്നണി അംഗങ്ങള്‍ വിട്ടുനിന്നു.