പി.പി.ഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങി; മുന്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ ലോകായുക്ത അന്വേഷണം

പി.പി.ഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങി; മുന്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ ലോകായുക്ത അന്വേഷണം

തിരുവനന്തപുരം: കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ പി.പി.ഇ കിറ്റ് അടക്കം വാങ്ങിയതില്‍ വന്‍ അഴമതി നടന്നെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍) അഴിമതിക്കേസിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരുടെ പരാതിയില്‍ ശൈലജക്കെതിരേ അന്വേഷണം.

കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ 450 രൂപ വിലയുള്ള പി.പി.ഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതടക്കമുള്ള പരാതിയിലാണ് നടപടി. കോടികളുടെ അഴിമതിയാണ് കൊവിഡിന്റെ മറവില്‍ നടന്നരിക്കുന്നത്. മറ്റു വിഷയങ്ങളിലും സമാനമായ അഴിമതി നടന്നിട്ടുണ്ടെന്നും വീണ ആരോപിച്ചു.
വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയത്. 446 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പി.പി.ഇ കിറ്റ് പര്‍ച്ചേസ് നടത്തിയതിന്റെ പിറ്റേ ദിവസമാണ് സാന്‍ഫാര്‍മയെന്ന സ്ഥാപനത്തില്‍ നിന്ന് 1550 രൂപയ്ക്ക് കിറ്റുകള്‍ വാങ്ങിയത്.

2020 മാര്‍ച്ച് 30നാണ് ഒരു കിറ്റിന് 1550 രൂപ എന്ന നിരക്കില്‍ സാന്‍ഫാര്‍മയില്‍ നിന്ന് സര്‍ക്കാരിനു വേണ്ടി 50,000 പി.പി.ഇ കിറ്റുകള്‍ വാങ്ങിയത്. എന്നാല്‍, ഇതിന് ഒരു ദിവസം മുന്‍പ് കൊച്ചി ആസ്ഥാനമായ ക്യാരോണ്‍ എന്ന കമ്പനിയില്‍ നിന്നും പി.പി.ഇ കിറ്റ് 446.25 രൂപ എന്ന നിരക്കില്‍ വാങ്ങിയിരുന്നു. ഇതേ ദിവസം തന്നെ ന്യൂ കെയര്‍ ഹൈജീന്‍ പ്രൊഡക്ട് എന്ന മറ്റൊരു കമ്പനിയില്‍ നിന്നും 475.25 രൂപക്ക് പി.പി.ഇ വാങ്ങിയിരുന്നു. മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ ലഭ്യമാണെന്ന അറിവുണ്ടായിട്ടും വന്‍തുക നല്‍കിയാണ് മറ്റ് രണ്ട് കമ്പനികളില്‍ നിന്ന് പര്‍ച്ചേസ് നടത്തിയിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഫയല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അഡ്വ: സി.ആര്‍ പ്രാണകുമാര്‍ നല്‍കിയ വിവരാവകാശ അപ്പീലിലാണ് രേഖകള്‍ ലഭിച്ചത്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കൊവിഡ് കാല പര്‍ച്ചേസ് നടത്താന്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. ഇതുപ്രകാരം മന്ത്രി ശൈലജ ടീച്ചര്‍ ഇതുസംബന്ധിച്ച ഫയലിന് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും ഈ ഫയലില്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *