തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും സി.പി.എമ്മിന്റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ വിശദീകരണം കേട്ട ശേഷമേ പാര്‍ട്ടി നടപടി സ്വീകരിക്കൂ എന്നും എല്‍ദോസിന് ഒളിവില്‍ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ല. എന്നാല്‍, വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയാണെന്നും എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ എത്രയും പെട്ടെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ മലയാളിക്ക് എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങളോട് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. വിദേശ യാത്രയില്‍ വിദ്യാഭ്യാസ മന്ത്രിയെ സ്വാധീനിച്ച കാര്യം പറഞ്ഞാല്‍ നമുക്കും പഠിക്കാമായിരുന്നുവെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു.