കാസര്‍ക്കോട്: കേരളത്തിലേക്ക് ഇനി മുതല്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ നികുതി ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മലയാളികളില്‍ ചിലര്‍ നികുതി കുറവുള്ള സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍ക്കോട് വാഹനീയം പരാതി പരിഹാര അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് നിര്‍ത്തിവച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ മാറുന്നതോടെ പുനരാരംഭിക്കാനാവും. ആറ് മാസത്തിനുള്ളില്‍ പുതിയ ഡീസല്‍, ഇലക്ട്രിക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിരത്തിലിറങ്ങും. കൂടാതെ വ്യത്യസ്ത നിറത്തില്‍ ഓടുന്ന ബസ്സുകളെ റോഡിലിറങ്ങാന്‍ അനുവദിക്കില്ല. ഈ ബസ്സുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.