കോഴിക്കോട്: നവോത്ഥാന ചിന്തകനും സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനുമായ സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ സ്മരണാര്‍ത്ഥം സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന അവാര്‍ഡിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മനശാസ്ത്ര ചികിത്സാ വിദഗ്ധനുമായ പ്രൊഫ: മുഹമ്മദ് ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ 205ാം ജന്മദിനത്തോടനുബന്ധിച്ച് 17ന് ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വച്ച് എം.പി അബ്ദുസ്സമദ് സമദാനി എം.പി അവാര്‍ഡ് സമ്മാനിക്കും. അലീഗര്‍ സെന്റര്‍ (മലപ്പുറം) ഡയറക്ടര്‍ ഡോ: ഫൈസല്‍ കെ.പി മുഖ്യാതിഥി ആയിരിക്കും. സര്‍ സയ്യിദ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ മുഖ്യരക്ഷാധികാരി സി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷം വഹിക്കും. ഡോ: ഇ.കെ ഗോവിന്ദവര്‍മ്മരാജ, ഡോ: കെ.പരമേശ്വരന്‍, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി മനഃശാസ്ത്ര ഗവേഷണ ചികിത്സാരംഗത്തും വിദ്യാഭ്യാസ മേഖലയില്‍ പ്രൊഫസര്‍ മുഹമ്മദ് ഹസന്‍ അര്‍പ്പിച്ചുവരുന്ന സേവനം വിലയിരുത്തിയാണ് സര്‍ സയ്യിദ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി ഫാറൂഖ് കോളജില്‍ ഹിസ്റ്ററി അധ്യാപകനായി പ്രവേശിച്ച അദ്ദേഹം ഹിസ്റ്ററി പി.ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രധാന അധ്യാപകനായാണ് വിരമിച്ചത്.
ആറ്റക്കോയ പള്ളിക്കണ്ടി (സര്‍ സയ്യിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍), വിജയരാജന്‍ കഴുങ്ങാഞ്ചേരി (കണ്‍വീനര്‍, സംഘാടക സമിതി), എം.കെ സത്താര്‍ (സെക്രട്ടറി, സംഘാടക സമിതി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.