മാഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്ര മാഹി യുവജനങ്ങള്‍ക്കായി യുവ ഉത്സവ് സംഘടിപ്പിക്കുന്നു. യുവജന കണ്‍വെന്‍ഷന്‍ , യുവ സംവാദ്, കലാമേള, പ്രസംഗ മത്സരം, പെയിന്റിങ് മത്സരം , ഫോട്ടോഗ്രഫി, കവിതാ രചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം. 15-29നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 16ന് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. കലാമേളയുടെ ഭാഗമായി നടക്കുന്ന നാടന്‍ കലാമേളയില്‍ നാടോടി നൃത്ത മത്സരം ഉണ്ടാകും. വിജയികള്‍ക്ക് മത്സരത്തുകയായി 5000, 2500, 1250 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പെയിന്റിങ് , ഫോട്ടോഗ്രഫി, കവിതാ രചന എന്നീ മത്സര വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 1000, 750, 500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പ്രസംഗ മത്സര വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 5000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
യുവജന കണ്‍വെന്‍ഷന്‍ -യുവ സംവാദ് പരിപാടിയില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാല് പേര്‍ക്ക് 1500 രൂപ വീതം സമ്മാനമായി ലഭിക്കുന്നതാണ്. 16 ന് രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൂടി ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസംഗ മത്സരവും യുവ സംവാദവും നടക്കും ഇതോടൊപ്പം ജലച്ഛായ മത്സരവും കവിതാ രചനയും മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം മെയിന്‍ സ്റ്റേജില്‍ നാടോടി സംഘനൃത്ത മത്സരം നടക്കും. നാടോടിനൃത്തം മത്സരം അല്ലാതെ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് എന്‍.വൈ.കെ. കോ-ഓര്‍ഡിനേറ്റര്‍ കെ. രമ്യ, പ്രോഗ്രാം ഓഫീസര്‍ ടി.എം.അന്നമ്മ, സത്യന്‍ കേളോത്ത്, എന്‍.മോഹനന്‍ എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന് ബന്ധപ്പെടാവുന്ന നമ്പറുകള്‍ 0490-2334322, 9400290803.