‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’; കെ.പി.സി.സി ആസ്ഥാനത്ത് തരൂര്‍ അനുകൂല ഫ്‌ളക്‌സ്

‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’; കെ.പി.സി.സി ആസ്ഥാനത്ത് തരൂര്‍ അനുകൂല ഫ്‌ളക്‌സ്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെ.പി.സി.സി ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍. ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ശശി തരൂര്‍ നയിക്കട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡി.സി.സി ഓഫിസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് നാല് നാള്‍ കൂടിയാണ് ഇനിയുള്ളത്. അതേ സമയം, നേതാക്കള്‍ ചട്ടലംഘനം നടത്തിയെന്ന ശശി തരൂരിന്റെ പരാതികളില്‍ തല്‍ക്കാലം നടപടിയില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. പി.സി.സി അധ്യക്ഷന്‍മാര്‍ക്കെതിരേ നടപടി ഉണ്ടാവില്ല. ഖാര്‍ഗയെ നേതൃത്വം പരസ്യമായി പിന്തുണച്ചില്ലെന്നാണ് ഇതിന്മേലുള്ള വിശദീകരണം. തരൂരിനെ പിന്തുണച്ചവരിലും പാര്‍ട്ടി സ്ഥാനങ്ങള്‍ ഉള്ളവരുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

നാല് നാള്‍ മാത്രം ബാക്കി നില്‍ക്കെ, പരമാവധി സംസ്ഥാനങ്ങളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഖാര്‍ഗെയും തരൂരും. ന്യൂഡല്‍ഹി പി.സി.സി ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് വോട്ട് തേടി തരൂരെത്തും. വൈകുന്നേരം തരൂര്‍ രചിച്ച ബി.ആര്‍ അംബേദ്കറിന്റെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനവും ഡല്‍ഹിയില്‍ നടക്കും. ഖാര്‍ഗെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രചാരണം നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയതിന്റെയും ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെയും സാഹചര്യത്തിലാണ് തരൂരനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് കെ.പി.സി.സി ആസ്ഥാനത്ത് തന്നെ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *