ന്യൂഡല്‍ഹി: നിരക്ഷരരെന്ന് പ്രബുദ്ധ മലയാളികള്‍ വിശേഷിപ്പിക്കുന്ന ഉത്തരേന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ നരബലികള്‍ നടക്കാറുണ്ടെന്ന വാര്‍ത്തകള്‍ കേട്ടിരുന്ന മലയാളികള്‍ക്കിടയില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് മന്ത്രവാദത്തിനായി രണ്ട് സ്ത്രീകളുടെ ജീവന്‍ കേരളത്തില്‍ ബലി നല്‍കിയ വാര്‍ത്തയെന്ന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ. ജാതി-മത വ്യത്യാസമില്ലാതെ മന്ത്രവാദികളും സിദ്ധന്മാരും കേരളത്തിന്റെ മുക്കിലും മൂലയിലും ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം സംസ്ഥാനത്ത് ഇല്ല എന്നതാണ് ഖേദകരമായ വസ്തുത. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്‌കാര കമ്മീഷന്‍ സമഗ്ര റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിയമ വകുപ്പ് തയ്യാറാക്കിയ കരട് ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്.
അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെതിരേ കര്‍ശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമ നിര്‍മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അനു ചാക്കോ കുറ്റപ്പെടുത്തി. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കല്‍ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരള പ്രിവെന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള്‍ പ്രാക്ടീസസ് സോഴ്‌സറി ആന്റ് ബ്ലാക്ക് മാജിക്ക് ബില്ല് എന്ന് പേരിട്ട് നിയമ വകുപ്പ് കൈമാറിയ കരട് കഴിഞ്ഞ കുറെ മാസങ്ങളായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അനു ചാക്കോ ആവശ്യപ്പെട്ടു.