പെരുമ്പാവൂര്‍: എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ കോണ്‍ഗ്രസ് ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലിസ് കേസ് വന്നതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം കോണ്‍ഗ്രസ് ന്യായീകരിക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എല്‍ദോസിന്റെ ഭാഗം കേള്‍ക്കേണ്ടത് സ്വാഭാവിക നീതിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സംഭവത്തില്‍ എല്‍ദോസിന് ജാഗ്രതകുറവുണ്ടായെന്ന നിലപാടിലാണ് കെ.പി.സി.സി. വിഷയം കൈകാര്യം ചെയ്തതിലും എല്‍ദോസിന് വീഴ്ചപറ്റിയെന്നും എം.എല്‍.എ ഒളിവില്‍പ്പോയെന്ന വാര്‍ത്തകള്‍ അവമതിപ്പുണ്ടാക്കിയെന്നും നേതാക്കള്‍ സമ്മതിക്കുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ അറിയാന്‍ കമ്മീഷനെ നിയോഗിക്കാനായിരുന്നു നേതൃത്വം ആദ്യം തീരുമാനിച്ചത്. എന്നാല്‍, സി.പി.എം രീതിയാണ് കമ്മീഷനെ വയ്ക്കുന്നത്. ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ സി.പി.എം കമ്മീഷനെ വച്ചപ്പോള്‍ വിമര്‍ശിച്ചിട്ടുള്ളതും നേതൃത്വം കണക്കിലെടുത്തു. തുടര്‍ന്നാണ് എല്‍ദോസില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
എല്‍ദോസിന്റെ വിശദീകരണവും കേസിന്റെ പോക്കും വിലയിരുത്തി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. മുന്‍പ് പീഡനക്കേസില്‍ കോവളം എം.എല്‍.എ എം.വിന്‍സന്റ് അറസ്റ്റിലായപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തിരുന്നു. അന്ന് കെ.പി.സി.സി സെക്രട്ടറിയായിരുന്ന വിന്‍സന്റിനെ ചുമതലകളില്‍ നിന്ന് നിക്കീ സസ്പെന്‍ഡ് ചെയ്തിരുന്നു.