കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍ വിട്ടു. 12 ദിവസത്തേക്കാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതി ലൈല എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. നരബലിക്കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ഷാഫി കൊടുംക്രിമിനലെന്നും കസ്റ്റഡി അപേക്ഷയില്‍ പോലിസ് പറഞ്ഞത്. ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ അന്വേഷിക്കണം. 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, തങ്ങള്‍ മനുഷ്യമാംസം ഭക്ഷിച്ചിട്ടില്ലെന്ന് ഭഗവല്‍ സിങും ലൈലയും പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രതികള്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ നരബലിക്ക് ശേഷം ഇരകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് ലൈല പോലിസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയിരുന്നെന്ന് വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് അറിയുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞിരുന്നു.