തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍ എന്നിവിടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂര്‍ണമായും ഹിന്ദിയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയാണ് ശുപാര്‍ശ ചെയ്തത്.
രാജ്യത്തെ സര്‍ക്കാര്‍ പ്രക്രിയയകള്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് നാനത്വത്തില്‍ ഏകത്വമെന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് എതിരാണ്. ഈ നീക്കം നിരവധി യുവതീയുവാക്കളുടെ ഭാവിയെത്തെന്ന തകര്‍ത്തുകളയും. തൊഴില്‍ അന്വേഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനഴില്‍ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം കാലങ്ങളായി തുടങ്ങിയതാണ്. ഇത് രാജ്യത്തിന്റെ അഖണ്ഡതക്കും ഫെഡറലിസത്തിനും എതിരായ നീക്കമാണ്. രാജ്യത്ത് ഹിന്ദി ഭാഷ പൊതുഭാഷയാക്കാനുള്ള നീക്കം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും. ഭൂരിപക്ഷം പേരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടും. കാരണം, രാജ്യത്ത് ഹിന്ദി മാതൃഭാഷയായി സ്വീകരിച്ചത് 43 ശതമാനം ജനങ്ങള്‍ മാത്രമാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.