തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരേ നല്‍കിയ സ്ത്രീ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അന്വേഷണത്തിനായി കമ്മീഷനെയൊന്നും കോണ്‍ഗ്രസ് വയ്ക്കില്ല. വിഷയത്തില്‍ എം.എല്‍.എയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലിസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.