- തെരുവുനായ ശല്യത്തിന് പരിഹാരമാകുമോ?
ന്യൂഡല്‍ഹി: തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂടുതല്‍ പേര്‍ കക്ഷി ചേര്‍ന്നതിനാല്‍ വാദത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് ഹരജി ഇന്നത്തേക്ക് മാറ്റുന്നത് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിര്‍ ഭാഗത്തിന്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല.
പേപ്പട്ടികളെയും, അക്രമകാരികളായ നായകളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായകളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായകളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
എ.ബി.സി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എ.ബി.സി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ എട്ട് ജില്ലകളില്‍ എ.ബി.സി പദ്ധതി ഏതാണ്ട് പൂര്‍ണമായും തടസപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി.