നവോത്ഥാന മുന്നേറ്റം അടിയന്തരാവശ്യം: കെ.ടി കുഞ്ഞിക്കണ്ണന്‍

നവോത്ഥാന മുന്നേറ്റം അടിയന്തരാവശ്യം: കെ.ടി കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമതവിദ്വേഷങ്ങളും ശക്തമായി പുനരുജ്ജീവിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ പിറവിക്ക് ഊര്‍ജമായ നവോത്ഥാനാശയങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയരക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും പ്രമുഖ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന പാലേരി കണാരന്‍ മാസ്റ്ററുടെ 38-ാം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രവാദക്കൊലയോളം അന്ധവിശ്വാസങ്ങള്‍ വളര്‍ന്നിരിക്കുന്നു. ശാസ്ത്രബോധവും യുക്തിബോധവും ദുര്‍ബലമാകുന്നു. ആധുനികമൂല്യങ്ങളും ആശയങ്ങളും നിരന്തരം നവീകരിച്ചും ശക്തിപ്പെടുത്തിയും ജനങ്ങളിലേക്ക് എത്തിച്ചും മാത്രമേ അതിനെ പ്രതിരോധിക്കാനാവൂ. വിപ്ലവാത്മകമായ നവോത്ഥാനാശയങ്ങളിലൂടെ സമൂഹത്തെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ഗുരു വാഗ്ഭടാനന്ദന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ മാനസസന്തതിയായ സൊസൈറ്റിയെ കെട്ടുറപ്പോടെ പടുത്തുയര്‍ത്തിയ കര്‍മധീരനായിരുന്നു കണാരന്‍ മാസ്റ്ററെന്ന് കുഞ്ഞിക്കണ്ണന്‍ അനുസ്മരിച്ചു.

മറ്റൊരു സാമൂഹികവിപത്തായ ലഹരിയിലേക്കു പുതുതലമുറ വീണുപോകാതിരിക്കാന്‍ അടിസ്ഥാനമായി വേണ്ടത് സൗഹൃദപൂര്‍ണവും ഊഷ്മളവുമായ കുടുംബാന്തരീക്ഷമാണെന്ന് ലഹരിവിരുദ്ധക്യാമ്പയിന്‍ പ്രഭാഷണം ചെയ്ത എക്‌സൈസ് ഇന്‍സ്‌പെകടര്‍ സി. മുഹമ്മദ് പറഞ്ഞു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റിലെ വിനോദങ്ങളും യഥേഷ്ടം കൊടുത്ത് കുട്ടികളെ തൃപ്തിപ്പെടുത്തുകയും അവരെ ആ ലോകത്തിനു വിട്ടു സ്വസ്ഥരാകുകയും ചെയ്യുന്ന രീതി ഉപേക്ഷിച്ച് അവര്‍ക്കു മതിയാകുവോളം സ്‌നേഹം നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നാദാപുരം റോഡില്‍ സൊസൈറ്റിയാസ്ഥാനത്തിന്റെ പരിസരത്തു നടന്ന അനുസ്മരണസമ്മേളനത്തില്‍ യു.എല്‍.സി.സി.എസ് വൈസ് ചെയര്‍മാന്‍ വി.കെ അനന്തന്‍ അധ്യക്ഷനായി. സൊസൈറ്റിയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകുകയും ഗുരു വാഗ്ഭടാനന്ദന്റെയും ആത്മവിദ്യാസംഘത്തിന്റെയും ഉന്നതമായ നവോത്ഥാനമൂല്യങ്ങളില്‍ അധിഷ്ഠിതമായി സൊസൈറ്റിയെ കെട്ടിപ്പടുക്കുകയും പ്രതിസന്ധിയുടെ നാളുകളില്‍ നീണ്ട 32 കൊല്ലം അനിഷേധ്യനായി അതിനെ നയിക്കുകയും ചെയ്തയാളാണു കണാരന്‍ മാസ്റ്ററെന്ന് അനുസ്മരണപ്രമേയം അവതരിപ്പിച്ച സൊസൈറ്റി ഡയരക്ടര്‍ പി. പ്രകാശന്‍ പറഞ്ഞു.

ഡയരക്ടര്‍മാരായ സി. വത്സന്‍, എം. പദ്മനാഭന്‍, പി.കെ സുരേഷ്ബാബു, കെ.ടി.കെ അജി, കെ.ടി രാജന്‍, ടി. ടി ഷിജിന്‍, മാനേജിങ്ങ് ഡയരക്റ്റര്‍ എസ്. ഷാജു, സി.ഇ.ഒ സുനില്‍കുമാര്‍ രവി, സര്‍ഗ്ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സി.ഇ.ഒ പി.പി ഭാസ്‌കരന്‍, യു.എല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ സന്ദേശ് ഇ.പ, മാറ്റര്‍ലാബ് എ.ജി.എം ഫ്രെഡി സോമന്‍, കോവളം കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സി.ഒ.ഒ ശ്രീപ്രസാദ്, സൊസൈറ്റി സി.ജി.എം രോഹന്‍ പ്രഭാകര്‍, ജി.എം ഷാബു കെ.പി തുടങ്ങിയവര്‍ കണാരന്‍ മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *