കോന്നി: ഇലന്തൂരില്‍ നടന്ന ഇരട്ട നരബലിയില്‍ നരബലിക്ക് ശേഷം നരഭോജനവും നടത്തിയതായി റിപ്പോര്‍ട്ട്. പ്രതികളിലൊരാളായ ലൈലയാണ് ചോദ്യം ചെയ്യലില്‍ നരഭോജനം നടത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. റോസ്‌ലിന്‍, പത്മ എന്നീ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. ഇലന്തൂരില്‍ താമസിക്കുന്ന ഭഗവല്‍സിങ്, ഭാര്യ ലൈല, ഏജന്റ് ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്‌ലിന്റെ മാംസം കറിവച്ചെന്നും മൂവരും ചേര്‍ന്ന് അത് കഴിച്ചുവെന്നും ലൈല പോലിസിനോട് വെളിപ്പെടുത്തി. പത്മയുടെ മാംസം കറിവച്ച് കഴിക്കാനായി ഇവര്‍ ഉപ്പിട്ടു സൂക്ഷിച്ചുവെന്നും സമ്മതിച്ചതായി പോലിസ് പറഞ്ഞു.
അതേസമയം, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് ഉച്ചയോടെയാണ് കോടതിയില്‍ ഹാജരാക്കുക.
റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡി.എന്‍.എ പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിക്കുകയാണ്.