കോഴിക്കോട്: ചകിരി പിരിച്ചുണ്ടാക്കിയ കിളിക്കൂടും കാഞ്ഞിരത്തിന്റെ ചെരിപ്പും ഇരിപ്പിടവുമായി മലബാര്‍ ക്രാഫ്റ്റ് മേളയിലേക്ക് ആലപ്പുഴയില്‍ നിന്നെത്തിയതാണ് മുഹമ്മദലി. കഴിഞ്ഞ 15 വര്‍ഷമായി ചകിരികൊണ്ടുള്ള വസ്തുക്കള്‍ നിര്‍മിക്കലാണ് മുഹമ്മദലിയുടെ തൊഴില്‍. ചിരട്ട കൊണ്ടുള്ള പാത്രങ്ങള്‍, കൈലുകള്‍, ചകിരി കൊണ്ടുള്ള ചവിട്ടിയും കൊട്ടയുമുള്‍പ്പെടെ കരകൗശല വസ്തുക്കളുമാണ് സ്റ്റാളിലുള്ളത്. അതിനിടയില്‍ കാഞ്ഞിരം കൊണ്ടുള്ള പ്രത്യേകതരം കുഷ്യനുകളുമുണ്ട്. ചകിരിക്ക് 250 രൂപയാണെങ്കില്‍ 150 രൂപ നല്‍കിയാല്‍ കിളിക്കൂട് ലഭിക്കും. ദീര്‍ഘദൂര യാത്രക്ക് കാറില്‍ ഉപയോഗിക്കാവുന്ന കുഷ്യനുകള്‍ കൊണ്ട് നിരവധി ഉപകാരങ്ങളുണ്ടെന്ന് മുഹമ്മദലി പറയുന്നു. കാഞ്ഞിരം കൊണ്ടുള്ള ചെരിപ്പും ഇരിപ്പിടവും ശരീരോഷ്മാവ് നിയന്ത്രിക്കുമെന്നും മുഹമ്മദലി പറയുന്നു. നടുവേദന ഉള്‍പ്പെടെ മാറിപ്പോവുന്നതിനും ഇത് കാരണമാവും. മുള കൊണ്ടുള്ള വസ്തുക്കളും മേളയുടെ ആകര്‍ഷണമാണ്. മുളയുടെ പുട്ടുകുറ്റിയും ഈ സ്റ്റാളിലുണ്ട്. മുഹമ്മദലിക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ് കരകൗശല വിദ്യ. ഇതിനോടകം നൂറോളം മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. മലബാര്‍ ക്രാഫ്റ്റ് മേളയില്‍ കരകൗശല വസ്തുക്കള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് അദ്ദേഹം പറയുന്നു.