കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ നിര്‍മിക്കുന്ന ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ പ്രവൃത്തി ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. അഞ്ച് നിലകളിലായി 60000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മള്‍ട്ടിപ്ലക്‌സ് തിയ്യേറ്റര്‍, റസ്റ്റോറന്റുകള്‍, ആര്‍ട്ട് ഗ്യാലറി തുടങ്ങിയവയ്ക്കും താഴത്തെ രണ്ട് നിലകള്‍ കടമുറികള്‍ക്കും ബാക്കി നിലകള്‍ വാണിജ്യാവശ്യത്തിനുമായാണ് സജ്ജീകരിക്കുന്നത്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ്, ലിഫ്റ്റ് തുടങ്ങിയവയും സജ്ജീകരിക്കും. 90 കാറുകള്‍ക്കും നൂറിലേറെ ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സൗകര്യവും ഒരുക്കും.
21 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടം രൂപകല്‍പന ചെയ്ത കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധര്‍ തന്നെ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തും. മഞ്ചേരി ആസ്ഥാനമായ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്, കെ.ഇ ഇന്ദിര, കെ.ഷിജു, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, മനോജ് പയറ്റുവളപ്പില്‍, എ.അസീസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.ടി അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ സ്വാഗതവും നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.