- താന്‍ വിഷാദരോഗിയെന്ന് ലൈല
കോന്നി: പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായാണ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.
പ്രതികളെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും. തനിക്ക് വിഷാദരോഗമുണ്ടെന്ന് ലൈല കോടതിയില്‍ പറഞ്ഞു. പോലിസ് കസ്റ്റഡി അപേക്ഷ ഇന്നുതന്നെ നല്‍കും. നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.