കോഴിക്കോട്: മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ ബേപ്പൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടല്‍തീരം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. ബീച്ചിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും പരിപൂര്‍ണ പിന്തുണ നല്‍കണമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി സന്ദര്‍ശകര്‍ എത്തുന്ന കടല്‍തീരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പാലിക്കപ്പെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബീച്ച് കൂടുതല്‍ വൃത്തിയാക്കി സൗന്ദര്യ വല്‍ക്കരിക്കാനുള്ള അഴക് പദ്ധതിയുമായി ബന്ധപ്പെട്ട് മേയര്‍ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീരപ്രദേശങ്ങളില്‍ യാതൊരു വിധത്തിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ ഇല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
തീരദേശ മേഖലകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. യുവജനങ്ങളെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധ്യമായ ഇടങ്ങളില്‍ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മാലിന്യ ശേഖരണം,സംസ്‌കരണം എന്നീ സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതിനും പരിചരിക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് തീരപ്രദേശ മേഖലകളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ കഴിയണമെന്ന് തുറമുഖം-മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍ദേശിച്ചു.
എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളും മേയര്‍ ഡോ.ബീന ഫിലിപ്പ് ചെയര്‍മാനുമായി ബീച്ച് ക്ലീനിങ് മിഷന് രൂപം നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ബേപ്പൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള തീരദേശത്തെ ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ക്ലസ്റ്ററിനും പ്രദേശവാസികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിങ് സമിതി രൂപീകരിക്കും. കടല്‍ തീരങ്ങളില്‍ സന്ദര്‍ശകര്‍ എത്തിച്ചേരുന്ന ഭാഗങ്ങളില്‍ ശുചിത്വ പ്രോട്ടോകോള്‍, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, മുലയൂട്ടല്‍ കേന്ദ്രം, ശൗചാലയങ്ങള്‍, കുളിമുറികള്‍, റിഫ്രഷ്‌മെന്റ് ഏരിയ എന്നിവ ഉള്‍ക്കൊള്ളുന്ന പബ്ലിക് യൂട്ടിലിറ്റി സ്‌പേസ് , പോര്‍ട്ടബിള്‍ കണ്ടെയ്‌നര്‍ ടോയ്‌ലെറ്റുകള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. മേയറുടെ ചേംബറില്‍ നടന്ന യോഗത്തില്‍, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.