തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിങ്ങിന് നഗരത്തില്‍ പൊതുമരാമത്ത് റോഡ് വാടകക്ക് നല്‍കിയ കോര്‍പറേഷന്‍ തീരുമാനം റദ്ദാക്കി. വ്യവസ്ഥകള്‍ ലംഘിച്ചാണ് കരാറെന്ന് കോര്‍പറേഷന്‍ സെക്രട്ടറിയും കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പും റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണിത്.
പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിലാണ് പൊതുമരാമത്ത് റോഡ് വാടകയ്ക്ക് നഗരസഭ നല്‍കിയത്. എം.ജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനാണ് കോര്‍പ്പറേഷന്‍ സഹായം ചെയ്തത്. മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയും നൂറു രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പുംവെച്ചു. നേരത്തെ പൊതുജനങ്ങളില്‍ നിന്ന് പത്തുരൂപ ഈടാക്കി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന ഇടമാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.