- കഷണങ്ങളാക്കി ബലി നല്‍കി
- ദമ്പതികളും ഏജന്റും അറസ്റ്റില്‍
കൊച്ചി: കേരളത്തിലും നരബലി. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി നരബലി നല്‍കി. കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട ഇലന്തൂരിലാണ് സംഭവം. മിസ്സിങ് കേസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 27ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ എത്തിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പോലിസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പോലിസ് പിടിയിലാവുകയായിരുന്നു.
ഷാഫിക്ക് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവല്‍സിങ്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്റ്റംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ റോസ്ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ആഗസ്റ്റ് 17ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.