മാഹി: മാഹി സ്‌പോര്‍ട്‌സ് ക്ലബ് ലൈബ്രറി ആന്‍ഡ് കലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 39ാമത് അഖിലേന്ത്യാ ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20 ന് ആരംഭിക്കും. 2023 ജനുവരി എട്ടിന് ഫൈനല്‍ മത്സരം നടക്കും. 16 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. 15 മത്സരമുണ്ടാകും. വനിതാ പ്രദര്‍ശന മത്സരവും, കുട്ടികളുടെ മത്സരവും ഉണ്ടാകും. അനുബന്ധമായി ഫുട്ബാളുമായി ബന്ധപ്പെട്ട ചിത്രരചന, റോഡ് ഷോ, ഷൂട്ട്ഔട്ട് തുടങ്ങിയവ സംഘടിപ്പിക്കും. പ്ലാസ് ദ ആംസ് മൈതാനത്ത് ഫ്‌ലഡ് ലൈറ്റിലാണ് മത്സരം നടക്കുക. രണ്ടായിരം കാണികള്‍ക്കായി താല്‍ക്കാലിക ഗാലറി ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ കളി കാണാന്‍ പ്രത്യേക ഗാലറിയുമുണ്ടാകും.
‘വഴിതെറ്റി പോകുന്ന ബാല്യത്തെ മാരക മയക്കുമരുന്നിന്റെ പിടിയില്‍ നിന്നും വഴിതിരിച്ചുവിടുക’ എന്നതാണ് ഈ വര്‍ഷത്തെ ഫുട്ബാള്‍ ടൂര്‍ണമെന്റ് മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജിനോസ് ബഷീറും ജനറല്‍ കണ്‍വീനര്‍ കെ.സി നിഖിലേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കാന്‍ ഒ.വി മുസ്തഫ, കെ.പി സുനില്‍കുമാര്‍ എന്നിവര്‍ രക്ഷാധികാരികളായി അന്‍പത് പേരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. 12ന് വൈകീട്ട് അഞ്ച് മണിക്ക് മാഹി സ്‌പോര്‍ട്‌സ് ക്ലബില്‍ മുന്‍ സന്തോഷ് ട്രോഫി താരം എ.ഉമേഷ് ബാബു സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്യും. ക്ലബ് സെക്രട്ടറി അടിയേരി ജയരാജ്, ശ്രീകുമാര്‍ ഭാനു, പി.ദിനേശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.