കേഴിക്കോട്: മെഡിക്കല്‍കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ്‌മെന്‍ അസോസിയേഷന്‍ 15ന് പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമുക്ത ഭടന്മാരടക്കമുള്ളവരാണ് ആക്രമിക്കപ്പെട്ടത്. വിമുക്തഭടനായ രവീന്ദ്രന് വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ വിശ്രമിക്കുകയാണ്. അദ്ദേഹത്തിന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. മറ്റ് രണ്ട് പേര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പോലിസ് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തിട്ടില്ല. രാജ്യത്തിന് വേണ്ടി വര്‍ഷങ്ങളോളം രാപകലില്ലാതെ സേവനമനുഷ്ഠിച്ച് റിട്ടയര്‍മെന്റിന് ശേഷം ജീവിതസാഹചര്യങ്ങള്‍ കൊണ്ടാണ് പലരും സെക്യൂരിറ്റി ജോലിയുള്‍പ്പെടെയുള്ളവയിലേക്ക് പോകുന്നത്. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചവരോട് ഇത്തരത്തില്‍ പെരുമാറിയവര്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉയരണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നവര്‍ ആവശ്യപ്പെട്ടു.
രാവിലെ 11 മണിക്ക് മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന റാലി കമ്മീഷണര്‍ ഓഫിസിന് മുമ്പില്‍ സമാപിക്കും. വിമുക്ത ഭടന്മാരും അവരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. വിശ്വനാഥന്‍.എ (പ്രസിഡന്റ്), മധുസൂദന്‍ കിടാവ് (വൈസ് പ്രസിഡന്റ്), ഗിരീഷ്.പി (ജനറല്‍ സെക്രട്ടറി), അക്രമത്തിനിരയായ ശ്രീലേഷ് എ.എ, വിമുക്തഭടന്‍ അബ്ദുലത്തീഫ് (ട്രഷറര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.