ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തില്‍നിന്ന് പുറത്ത് നില്‍ക്കേണ്ടി വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരതാമിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാദേശിക ചര്‍ച്ചകളിലൂടെ കണ്ടെത്തിയ സാധ്യതാ മേഖലകളിലാണ് സര്‍വേ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സംഘാടക സമിതികളുടെ ആഭിമുഖ്യത്തിലാണ് സര്‍വേ ആരംഭിച്ചിട്ടുള്ളത്. ജനപ്രതിനിധികള്‍, പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, എസ്സി/എസ്ടി പ്രമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, കോളേജുകളിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വേയില്‍ പങ്കാളികളായി.

ആദിവാസി വിഭാഗങ്ങള്‍, എസ്.സി-എസ്.ടി,ന്യൂനപക്ഷങ്ങള്‍, തീരദേശങ്ങളിലുള്ളവര്‍, തുടങ്ങി വിവിധ മേഖലയിലുള്ള നിരക്ഷരരെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി ശരാശരി 10 പേരടങ്ങുന്ന പഠിതാക്കളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ രൂപീകരിക്കും. നിരക്ഷരര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാക്ഷരതാ ക്ലാസ് നല്‍കും. മൂന്ന് മാസം നീളുന്ന ക്ലാസുകളിലൂടെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കും. ക്ലാസിന് ശേഷം പരീക്ഷ നടത്തി പഠിതാക്കള്‍ക്ക് സാക്ഷരരായി എന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മണ്ഡപം കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലയിലെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വേ ആരംഭിച്ചു. നിരക്ഷരരുള്ള വീടുകളിലെത്തി ഗൂഗിള്‍ ഷീറ്റുപയോഗിച്ചുള്ള ഓണ്‍ലൈന്‍ സര്‍വേയാണ് നടത്തുന്നത്. സര്‍വേ ഒക്ടോബര്‍12 വരെ തുടരും.
ചടങ്ങില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, സാക്ഷരതാമിഷന്‍ സ്റ്റാഫ് സെക്രട്ടറി വി.എം.ബാലചന്ദ്രന്‍, നോഡല്‍ പ്രേരക് സി.ഗോവിന്ദന്‍, പ്രേരക് നാരായണി എന്നിവര്‍ സംസാരിച്ചു.

 

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: സംഘാടക സമിതി രൂപീകരിച്ചു

ചോറോട്: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഠിതാക്കളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യാനും വാര്‍ഡ് സമിതികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സി.നാരായണന്‍ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അശോകന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധീഷ്, വടകര ബ്ലോക്ക് നോഡല്‍ ഓഫിസര്‍ ശോഭന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രേരക് ബബിത സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം മധുസൂദനന്‍ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *