കോഴിക്കോട്: 2025നുള്ളില്‍ സംസ്ഥാനത്തിന് പുറത്ത് മൂന്ന് ആശുപത്രികളും കേരളത്തില്‍ ഒരു ആശുപത്രിയും ആരംഭിക്കുമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം വാരിയര്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ‘ടേക്ക് ഓഫ് കേരള മീറ്റ് ദ പ്രസില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രികള്‍ സ്ഥാപിക്കുന്നത്. കൂടുതല്‍ രോഗികള്‍ക്ക് രോഗശമനത്തിന് ഇത് വഴിയൊരുക്കും. രോഗികള്‍ക്ക് സൗകര്യപ്രദമായി മരുന്നിന്റെ ഫലപ്രാപ്തി കുറയാതെ മരുന്നുകളുടെ രൂപഘടന മാറ്റിയെടുക്കുന്ന ഗവേഷണവും നടന്നുവരികയാണ്. കഷായങ്ങള്‍ ഗുളികരൂപത്തിലാക്കുന്നതും പരിഗണനയിലുണ്ട്.
കൊവിഡ് മൂലം മുടങ്ങിയ ഹെല്‍ത്ത് ടൂറിസം വീണ്ടും സജീവമായിട്ടുണ്ട്. ഗള്‍ഫ്, യു.കെ, അമേരിക്ക, ജര്‍മ്മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. ആയുഷ് വിസയടക്കം ലഭ്യമാക്കിയതാണ് ഇത് വര്‍ധിക്കാന്‍ കാരണം. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവകാരുണ്യ രംഗത്ത് കൂടുതല്‍ സജീവമാകും. ഈ രംഗത്ത് വലിയ വളര്‍ച്ചയുണ്ടാക്കിയത് പി.കെ വാരിയരാണ്. ആര്യവൈദ്യശാലയുടെ ലാഭത്തിന്റെ 45% ചിലവഴിക്കുന്നത് ജീവകാരുണ്യ മേഖലയിലാണ്. സ്ഥാപനത്തിന്റെ വികസനം, ഗവേഷണങ്ങള്‍ക്ക് 45 ശതമാനവും 10 ശതമാനം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാണ് ചിലവഴിക്കുന്നത്. പൊതുജനാരോഗ്യ ബില്ലില്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള അയുഷ് ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തണം.
ആയുര്‍വേദ ഐക്യവേദി ഇക്കാര്യം സര്‍ക്കാരിന്റെ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളുടെ കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട്. 16ന് എറണാകുളത്ത് ആയുര്‍വേദ സെമിനാര്‍ നടക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്ക്ലബ് പ്രസിഡന്റ് എം.ആര് ഹരികുമാര്‍, സെക്രട്ടറി സൂഫി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.