കോഴിക്കോട്: ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം 10ന് തിങ്കള്‍ രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.നാഗരത്‌നന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.രത്‌നാകരന്‍ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, പി.ടി.എ റഹീം, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. സംസ്ഥാന സെന്‍ട്രല്‍ കമ്മിറ്റിയംഗം എം.സുകുമാരന്‍ പതാക ഉയര്‍ത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.നാഗരത്‌നന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.ഉദയകുമാര്‍ വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിക്കും. സംസ്ഥാന സെന്‍ട്രല്‍ കമ്മിറ്റിയംഗം ടി.വി പോള്‍ സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ശശീധരക്കുറുപ്പ് പ്രമേയവും സംസ്ഥാന ജോയന്റ് സെക്രട്ടറി എം.അബൂബക്കര്‍ ബഡ്ജറ്റും അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സംസ്ഥാന ജോയന്റ് സെക്രട്ടറി വി.മോഹനന്‍ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍ നന്ദിയും പറയും.
ഗവ. കരാര്‍മേഖല നേരിടുന്ന പ്രധാന പ്രശ്‌നം കുത്തക വല്‍ക്കരണമാണെന്ന് നാഗരത്‌നന്‍ ചൂണ്ടിക്കാട്ടി. ചെറുകിട കരാറുകാരെ നശിപ്പിക്കുന്ന പ്രവണതകള്‍ ഉദ്യോഗസ്ഥ തലത്തിലുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. പദ്ധതികള്‍ 50, 100, 150 കോടി രൂപയുടെ വര്‍ക്കുകളാക്കി മാറ്റി, വന്‍കിടക്കാര്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധ മാര്‍ഗം സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നായി (പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, പഞ്ചായത്ത് വകുപ്പ്) 3000 കോടിയോളം കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്. അഞ്ച് ലക്ഷം രൂപവരെയുള്ള വര്‍ക്കുകള്‍ക്ക് ഇ-ടെണ്ടര്‍ ഒഴിവാക്കുകയും സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനം ഒഴിവാക്കുകയും വേണം. സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന കരാറുകാരെ പ്രതിനിധീകരിച്ച് 200ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. പി.ഡബ്ല്യു.ഡി ഓഫിസിന് മുമ്പില്‍നിന്ന് പ്രകടനമായി സമ്മേളന നഗരിയിലെത്തിച്ചേരും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് രത്‌നകുമാര്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ്കുട്ടി, ശശിധരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായ വി.മോഹനന്‍, എം.അബൂബക്കര്‍, ട്രഷറര്‍ പി.ഉദയകുമാര്‍, സംസ്ഥാന സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ടി.യു ഉലഹന്നാന്‍, എന്‍.റിയാസ്, എം. സുകുമാരന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. സന്തോഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബിബില്‍ കുമാര്‍ എന്നിവരും സംബന്ധിച്ചു.