കൊച്ചി: കലൂര്‍ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ സാക്ഷിയാക്കി ഐ.എസ്.എല്ലിന്റെ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മലര്‍ത്തിയടിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍ രാജകീയമായി തന്നെ തങ്ങളുടെ വരവറിയിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യംകൊണ്ട് മാത്രം ഫൈനലില്‍ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് വമ്പന്‍ തിരിച്ചു വരവ് തന്നെയാണ് നടത്തിയത്. ഈസ്റ്റ് ബംഗാളിനെ 3-1 എന്ന സ്‌കോറിനാണ് കേരള ടീം പരാജയപ്പെടുത്തിയത്. കോച്ച് ഇവാന്‍ വുകാമനോവിച്ചിന്റെ ശിക്ഷണത്തിലുള്ള ഈ കേരള ടീമില്‍ പ്രതീക്ഷകളേറെയായിരുന്നു. ആ പ്രതീക്ഷകളെ നിലനിര്‍ത്തികൊണ്ടു തന്നെയായിരുന്നു ടീമിന്റെ ഇന്നലത്തെ പ്രകടനം. ഒന്നും സംഭവിക്കാതിരുന്ന ആദ്യപകുതിയില്‍ നിന്നും രണ്ടാം പകുതിയേലക്ക് കളി കടന്നപ്പോള്‍ ഫുട്‌ബോളിന്റെ മാസ്മരിക സൗന്ദര്യത്തിനു കൂടിയാണ് കലൂര്‍ സ്‌റ്റേഡിയം സാക്ഷിയായത്. ആരാധകരെ ഒട്ടും ശാന്തരാകാന്‍ അനുവദിക്കാതെ ഒന്നിനു പിറകെ ഒന്നായി ഈസ്റ്റ് ബംഗാളിന്റെ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒടുവില്‍ ലക്ഷ്യം കണ്ടു.
72-ാം മിനിട്ടില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. ഹര്‍മന്‍ജോത് ഖബ്രയുടെ ഓവര്‍ഹെഡ് പാസില്‍ നിന്നായിരുന്നു ലൂണ ലക്ഷ്യം കണ്ടത്. ഗോള്‍ നേടിയതിനു ശേഷം വളരെ വികാര നിര്‍ഭരനായിട്ടായിരുന്ന ലൂണ പ്രതികരിച്ചത്. താന്‍ നേടിയ ഗോള്‍ ഏതാനുമാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട തന്റെ മകള്‍ക്ക് വേണ്ടി ലൂണ സമര്‍പ്പിച്ചപ്പോള്‍ അത് കാഴ്ചക്കാരിലും നൊമ്പരമായി.
82ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. 87ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ട് മിനിട്ടിനകം ലോങ് റേഞ്ചറിലൂടെ ഇവാന്‍ കലിയുസ്നി വീണ്ടും ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പിച്ചു.
ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജീത്തിന്റെ മിന്നും സേവുകളാണ് അവരെ വന്‍ പരാജയത്തിന്റെ നാണക്കേടില്‍നിന്ന് രക്ഷപ്പെടുത്തിയത്.