കോഴിക്കോട്: ചലച്ചിത്ര സംഗീത സംവിധായകന്‍ എ.ടി ഉമ്മര്‍ അനുസ്മരണവേദിയുടെ എ.ടി ഉമ്മര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാദമി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ കെ.എക്‌സ്.ട്രീസ ടീച്ചര്‍, ഹ്യൂമന്റൈറ്റ്‌സ് ഫൗണ്ടേഷന്‍ (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്‍മാനും കണ്ണൂരിലെ എയറോസിസ് കോളേജ് എം.ഡി.യുമായ ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, എഴുത്തുകാരന്‍ ബേപ്പൂര്‍ മുരളീധര പണിക്കര്‍ എന്നിവരെ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തു.
ഡോക്ടര്‍ ഒ.എസ്.രാജേന്ദ്രന്‍ രചിച്ച ‘പാത്തുമ്മേടെ ചിരി’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച മികച്ച ആദ്യകഥാസമാഹാരത്തിനും, കണ്ണൂര്‍ ഡി.ടി.പി.സിക്കുവേണ്ടി ഡോക്ടര്‍ സി.വി രഞ്ജിത്ത് സംവിധാനവും സംഗീതവും നിര്‍വഹിച്ച ‘സോംഗ് ഓഫ് കണ്ണൂര്‍ – ഹെവന്‍ ഓഫ് ടൂറിസം’ മികച്ച മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിനുമുള്ള എ.ടി.ഉമ്മര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.
ചലച്ചിത്ര നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍ ചെയര്‍മാനും സംവിധായകന്‍ മോഹന്‍ കുപ്ലേരി, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും സാഹിത്യകാരനുമായ കെ.എഫ്.ജോര്‍ജ്, എ.ടി ഉമ്മറിന്റെ ഭാര്യ ഹഫ്‌സത്ത്, മകന്‍ അമര്‍ ഇലാഹി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരങ്ങള്‍ നവംബറില്‍ കണ്ണൂരില്‍ സമ്മാനിക്കും.