ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ നല്‍കിയതിനെതിരേ രേഖാമൂലം പരാതി നല്‍കി ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം നടപ്പാക്കണമെന്നും തരൂര്‍ അനുകൂലികള്‍ വ്യക്തമാക്കി. നേതൃത്വം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം പി.സി.സി അധ്യക്ഷന്‍മാര്‍ തന്നെ ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണക്കുന്ന നേതാക്കള്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ അവ്യക്തത നീക്കേണ്ടത് അനിവാര്യമാണെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം, മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ വ്യക്തമാക്കി.
ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് തുടക്കമിടുന്നത്. രമേശ് ചെന്നിത്തല ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാര്‍ഗെയ്ക്കൊപ്പം പ്രചാരണത്തിനെത്തും. അതിനിടെ എ.ഐ.സി.സി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ. സുധാകരന്‍ നിലപാട് തിരുത്തിയതില്‍ സന്തോഷമെന്ന് ശശി തരൂര്‍ പറഞ്ഞു.