കോഴിക്കോട്: നാടിന്റെ അസ്തിത്വം കാത്ത് സൂക്ഷിക്കാനുള്ള ധീരമായ പോരാട്ടത്തിനാണ് ലഹരിവിരുദ്ധ ക്യാമ്പയിനിലൂടെ സംസ്ഥാനം തുടക്കം കുറിക്കുന്നതെന്ന് തുറമുഖം-മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിരുദ്ധ ക്യാമ്പയിനിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് അഭിമാനമാണ്. എന്നാല്‍ ഇവയ്ക്കല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതാണ് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം. കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും കോര്‍ത്തിണക്കിയാണ് സര്‍ക്കാര്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു വിദ്യാര്‍ഥി ലഹരി ഉപയോഗത്തില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ സഹപാഠിയെ തിരിച്ചുകൊണ്ടുവരുന്ന ഉത്തരവാദിത്വം മറ്റ് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ വീഡിയോ പ്രദര്‍ശനവും നടത്തി. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂണുകള്‍ മന്ത്രി, എം.എല്‍.എ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ആകാശത്തേക്ക് പറത്തി.
ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥി ആയിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അബു അബ്രഹാം, എ.ഇ.ഒ എം.ജയകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ.ബാബു, പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദീപ.കെ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ മത്തായി നന്ദിയും പറഞ്ഞു.