തിരുവനന്തപുരം: ലഹരിവസ്തുക്കള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണം ഓരോ വ്യക്തിയിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ബാലസഭാംഗങ്ങള്‍ പങ്കെടുക്കുന്ന മാരത്തണ്‍, ഇവര്‍ നല്‍കുന്ന ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ട്രീ, വിവിധ കലാകായിക മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിക്കുക. ബാലസഭകളില്‍ അംഗങ്ങളായ മൂന്നര ലക്ഷത്തിലേറെ കുട്ടികള്‍ ഈ പരിപാടികളില്‍ പങ്കെടുക്കും.
മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്നും യുവതലമുറയെ രക്ഷിക്കുക എന്നതു ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗവും അത് വ്യക്തികളില്‍ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള അറിവുകള്‍ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോധവല്‍ക്കരണ പരിപാടികള്‍. തദ്ദേശ സ്ഥാപനങ്ങള്‍, സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഓരോ പഞ്ചായത്തിലുമുള്ള മുഴുവന്‍ ബാലസഭാംഗങ്ങളും മാരത്തണില്‍ പങ്കെടുക്കും.
സമീപകാലത്തായി കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ രാസലഹരി ഉള്‍പ്പെടെയുള്ള വിവിധ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ ഈ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനമിഷനില്‍ നിന്നും നിര്‍ദേശിച്ച പരിപാടികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയ മൂന്നു സി.ഡി.എസുകള്‍ക്ക് സംസ്ഥാനതല അവാര്‍ഡ് നല്‍കും.